|
|
|
|
|
|
|
ഐ.എസ്.എം
  കേരള മുസ്‌ലിം നവോത്ഥാനത്തിന്‌ ചുക്കാന്‍ പിടിച്ച ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ യുവജന വിഭാഗമാണ്‌ ഐ എസ്‌ എം. 1967ല്‍ പാലക്കാട്‌ പുതുപ്പള്ളി തെരുവ്‌ മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച്‌ നടന്ന മുജാഹിദ്‌ പ്രതിനിധി സമ്മേളനത്തില്‍നിന്നാണ്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിനൊരു യുവഘടകമെന്ന ആശയം ഉദയം ചെയ്‌തത്‌. പാലക്കാട്ടുകാരനായ കെ എ സുലൈമാന്‍ സാഹിബിനെപ്പോലെയുള്ളവരുടെ നിസ്സീമമായ പ്രയത്‌നത്തിന്റെ ഫലമായി ഐ എസ്‌ എം രൂപീകരിക്കപ്പെട്ടു. ഇന്ന്‌ ഐ എസ്‌ എം അതിന്റെ കര്‍മപഥത്തില്‍ 40 വയസ്സ്‌ പിന്നിട്ടുകഴിഞ്ഞു.

  ഐ എസ്‌ എം അതിന്റെ കഴിഞ്ഞ നാളുകളില്‍ ശ്രദ്ധേയമായ പലപരിപാടികളും ആവിഷ്‌കരിച്ചു നടപ്പില്‍ വരുത്തിയിട്ടുണ്ട്‌. വിട്ടുവീഴ്‌ചയില്ലാത്ത ആദര്‍ശ പ്രബോധനത്തോടൊപ്പം ജനോപകാരപ്രദമായ മുന്നേറ്റങ്ങളും ഐ എസ്‌ എം നടത്തിയിട്ടുണ്ട്‌. മൂന്നുപതിറ്റാണ്ടിലേറെ കാലത്തെ അനുഭവസമ്പത്തുള്ള ശബാബ്‌ വാരിക ഇന്ന്‌ കേരളത്തിലെ ഏറ്റവും മികച്ച ഇസ്‌ലാമിക വാരികയില്‍ മുന്‍പന്തിയിലാണ്‌. പുസ്‌തകപ്രസാധന രംഗത്തെ നിറഞ്ഞ സാന്നിധ്യമായി യുവത നിലകൊള്ളുന്നു. വിദ്യാഭ്യാസ രംഗത്ത്‌ പീസ്‌, ആതുരസേവന രംഗത്ത്‌ ഐ എസ്‌ എം മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍, മതപ്രബോധന വീഥിയില്‍ ദ ട്രൂത്ത്‌, അന്ധബധിര ശാക്തീകരണത്തിനായി എബിലറ്റി ഫൗണ്ടേഷന്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കാന്‍ ഐ എസ്‌ എമ്മിനായി. കുടുംബ ശൈഥില്യങ്ങളില്‍ മീഡിയകളും ആധുനിക ഉപഭോഗ സംസ്‌കാരങ്ങളുമെല്ലാം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കി വിദഗ്‌ധരായ മനശാസ്‌ത്രജ്‌രെ ഉള്‍പ്പെടുത്തി ബോധവത്‌കരണം നടത്താനും ഫാമിലി കൗണ്‍സലിംഗ്‌ പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്‌.

  നാല്‌ ദശകത്തിലേറെയായി ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഐ എസ്‌ എം അധാര്‍മികതകള്‍ അരങ്ങുതകര്‍ക്കുന്ന ഈ കാലത്ത്‌ ആത്മീയതയുടെ അണകെട്ടി പതിനായിരക്കണക്കിന്‌ ചെറുപ്പക്കാരുടെ ധാര്‍മിക മൂല്യത്തിന്‌ കാവല്‍ നില്‍ക്കുന്നു. ഈ യുവസംഘത്തിന്‌ ഇന്ന്‌ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂരും(പ്രസിഡന്റ്‌), എന്‍ എം അബ്‌ദുല്‍ജലീലും (ജന.സെക്രട്ടറി) ആണ്‌.

പ്രബോധനരംഗത്തെ നിത്യവസന്തം
  പ്രബോധന പ്രവര്‍ത്തനങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ഒന്നിച്ചു നടത്താന്‍ കഴിഞ്ഞതിനാല്‍ ഐ എസ്‌ എം അസൂയാവഹമാംവിധം വളര്‍ന്നു. മുന്‍ഗാമികളായ പ്രസ്ഥാന നേതാക്കളുടെയും പണ്ഡിതന്മാരുടെയും ഉപദേശ നിര്‍ദേശങ്ങള്‍ സംഘടനക്ക്‌ കരുത്ത്‌ പകരുകയും ചെയ്‌തു.

  മുജാഹിദ്‌ പ്രസ്ഥാനം മുസ്‌ലിം ചിന്താ മണ്ഡലത്തില്‍ ഉണര്‍ത്തിയ നവോത്ഥാന ജ്വാലകള്‍ പൂര്‍വോപരി പ്രശോഭിതമാക്കുകയെന്ന ദൗത്യം സധൈര്യം ഏറ്റെടുക്കാന്‍ഐ എസ്‌ എമ്മിനു സാധിച്ചു. തൗഹീദ്‌ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിശാസ്‌ത്രം സ്വീകരിച്ച്‌ വിനയത്തോടെയും വിവേകത്തോടെയും ഐ എസ്‌ എം പ്രവര്‍ത്തകര്‍ കര്‍മനിതരായി.

  വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും ആശയാദര്‍ശങ്ങള്‍ നെഞ്ചിലേറ്റി ഇസ്‌ലാമിക പ്രബബോധന രംഗം ഇസ്‌ലാമിലെ യുവാക്കള്‍ സജീവമാക്കി. ഇസ്‌ലാമിക പ്രചാരണം ദൈവപ്രോക്തമായ നിര്‍ദേശങ്ങളായതിനാല്‍ തന്നെ, അവയുടെ പ്രയോഗവത്‌കരണത്തിനും ഉത്തരവാദിത്ത നിര്‍വഹണത്തിനും പ്രാധാന്യമേറെയാണ്‌. പ്രബോധന മേഖലയിലെ മലമ്പാതകള്‍ സൗമനസ്യത്തോടെ താണ്ടിക്കടന്ന്‌ മുന്നേറി കേരളത്തിലെ യുവജന സംഘടനകളില്‍ ഐ എസ്‌ എമ്മിനെ വ്യതിരിക്തമാക്കുന്നത്‌.

  പ്രബോധനരംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ദഅ്‌വസ്‌കോഡുകള്‍,സംഘടനാ സ്‌കൂള്‍, തസ്‌കിയത്ത്‌ കേമ്പുകള്‍, തൗഹീദ്‌ കാമ്പയിനുകള്‍, പ്രാസ്ഥാനിക കണ്‍വെന്‍ഷനുകള്‍, പ്രഭാഷണങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ തികഞ്ഞ ആസൂത്രണത്തോടെ ഐ എസ്‌ എം സംഘടിപ്പിച്ചുവരുന്നു.

  ബാബരി മസ്‌ജിദ്‌ ഫാഷിസ്റ്റുകള്‍ തകര്‍ത്തതിനെത്തുടര്‍ന്ന്‌ കേരളത്തിലെ മത-സാമൂഹികാന്തരീക്ഷം തീവ്രവാദ ചിന്തകളിലേക്ക്‌ വഴുതിവീഴാനുള്ള സാഹചര്യമുണ്ടായപ്പോള്‍ മുസ്‌ലിം യുവാക്കള്‍ക്ക്‌ ദിശാബോധം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ എസ്‌ എം നേതൃത്വപരമായ പങ്കുവഹിച്ചത്‌ ഇതര സംഘടനകളുടെ കൂടി അംഗീകാരത്തിന്‌ നിമിത്തമായി. ``സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു ഇഷ്‌ടപ്പെടുന്നവരും അല്ലാഹുവെഇഷ്‌ടപ്പെടുന്നവുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്‌. അവര്‍ വിശ്വാസികളോട്‌ വിനയം കാണിക്കുന്നവരും സത്യനിഷേധികളോട്‌ പ്രതാപംപ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍സമരത്തിലേര്‍പ്പെടും. ഒരാക്ഷേപകന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത്‌അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവനുദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ.'' (ഖുര്‍ആന്‍ 5:54)

  തൗഹീദ്‌ പ്രസ്ഥാനത്തില്‍ അടിയുറച്ച്‌ പ്രവര്‍ത്തിച്ച ഇസ്‌ല്വാഹീ പ്രവര്‍ത്തകരെതെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ കുറച്ച്‌ വര്‍ഷങ്ങളായിഅരങ്ങേറിയെന്നത്‌ ഏതൊരു മുജാഹിദ്‌ പ്രവര്‍ത്തകനെയും വഷമിപ്പിക്കുന്നതായിരുന്നു. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിക്കലര്‍ത്തി ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉന്നയിച്ച വ്യാജാരോപണങ്ങളുടെ മനുയൊടിക്കാന്‍ ആത്മാര്‍ത്ഥതയുള്ള മുജാഹിദുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിക്കുമെന്നുറപ്പാണ്‌. നമ്മെ തെറ്റിദ്ധരിച്ചുപോയ സഹോദരങ്ങള്‍ക്ക്‌ സന്മനസ്‌ പ്രദാനം ചെയ്യാന്‍ നാം അല്ലാഹുവോട്‌ പ്രാര്‍ഥിക്കുക. കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും അജയ്യതക്കും നാം കഠിനമായി യത്‌നിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.