|
|
|
|
|
|
|
സമ്മേളനം

മതത്തിന്റെ മാനവികമുഖം നശിപ്പിക്കരുത്‌
  യുവത നഗര്‍(തൃശൂര്‍): മതം വിശാലമായ മനുഷ്യ സ്‌നേഹവും ലോകസമാധാനം ആവശ്യപ്പെടുന്ന ആദര്‍ശവുമാണെന്നും മതത്തിന്റെ മാനുഷിക മുഖം നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ അഖിലേന്ത്യാ അധ്യക്ഷനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്‌ അംഗവുമായ മൗലാന അബ്‌ദുല്‍ വഹാബ്‌ ഖില്‍ജി(ദില്ലി)പറഞ്ഞു. മൂന്ന്‌ ദിവസങ്ങളിലായി നടന്നുവന്ന ഐ എസ്‌ എം സംസ്ഥാന മഹാസമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധിനിവേശ വിരുദ്ധ പോരാട്ടത്തിന്‌യുവാക്കള്‍ രാഷ്‌ട്രാന്തരീയമായി സംഘടിക്കണം -ഇന്റര്‍നാഷണല്‍ യൂത്ത്‌ സമ്മിറ്റ്‌
  നിരപരാധികളായ സിവിലിയന്മാരുടെ ജീവനും സ്വത്തും അപഹരിക്കുകയും ആഗോളതലത്തില്‍ സംഘര്‍ഷവും അസമാധാനവും വളര്‍ത്തുകയും ചെയ്യുന്ന എല്ലാവിധ അധിനിവേശങ്ങളും അവസാനിപ്പിക്കണമെന്ന്‌ ഇന്റര്‍നാഷണല്‍ യൂത്ത്‌ സമ്മിറ്റ്‌ സാമ്രാജ്യത്വശക്തികളോടാവശ്യപ്പെട്ടു. എല്ലാവിധ അധിനിവേശങ്ങള്‍ക്കുമെതിരില്‍ രാഷ്‌ട്രാന്തരീയമായ യുവജന മുന്നേറ്റമാണ്‌ ആധുനികലോകത്ത്‌ അനിവാര്യമായിട്ടുള്ളതെന്ന്‌ സമ്മേളനം വിലയിരുത്തി. ആഗോളതാപന നിയന്ത്രണ പദ്ധതികള്‍ പോലും സാമ്രാജ്യത്വ ശക്തികളുടെ താല്‌പര്യസംരക്ഷണത്തിനുള്ള ആയുധമാക്കുന്നതിനെതിരെ ആഗോള യുവജനമുന്നേറ്റം വളര്‍ന്നുവരണം. സാമ്രാജ്യത്വശക്തികളുടെ അധിനിവേശ താല്‌പര്യങ്ങള്‍ക്ക്‌ ഐക്യരാഷ്‌ട്രസഭയെയും അതിന്റെ സ്ഥാപനങ്ങളെയും ദുരുപ യോഗം ചെയ്യുന്നത്‌ ചെറുക്കപ്പെടുക തന്നെ വേണം. ആഗോള സമാധാനമെന്ന സ്വപ്‌ന സാക്ഷാത്‌കാരത്തിനായി ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച്‌ സംവാദാത്മകമായ സഹകരണത്തിന്റെയും പങ്കുവെക്കലിന്റെയും പാതയിലേക്ക്‌ രാഷ്‌ട്രങ്ങളെ ബന്ധിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ ഒന്നിക്കണമെന്ന്‌ സമ്മേളനം ആഹ്വാനം ചെയ്‌തു. വംശീയ വിദ്വേഷങ്ങളും വര്‍ണവെറിയും വര്‍ഗീയതയും ലോകത്തുനിന്ന്‌ വിപാടനം ചെയ്യാന്‍ ആഗോള യുവജനസംഘശക്തിക്ക്‌ നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയും. നിരാശയില്‍ നിന്നുടലെടുത്ത നിഷേധാത്മകതയില്‍ നിന്നും യുവജനങ്ങളെ പ്രതീക്ഷാത്മകമായ സര്‍ഗാത്മക നിലപാടുകളിലേക്ക്‌ നയിക്കാന്‍ യുവജനസംഘാടകള്‍ അജണ്ടകള്‍ രൂപീകരിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

അരാഷ്‌ട്രീയതയ്‌ക്കെതിരെ താക്കീതായി യൂത്ത്‌ പാര്‍ലമെന്റ്‌

  എസ്‌ എം സംസ്ഥാന സമ്മേളനത്തിലെ ഏറ്റവും ശ്രദ്ധേയമായ സെഷനായിരുന്നു യൂത്ത്‌പാര്‍ലമെന്റ്‌. കേരളത്തിന്റെ തുടിപ്പും തിളക്കവുമായ യുവജനപ്രസ്ഥാനങ്ങളുടെ നേതാക്കള്‍ ഒന്നിച്ചിരുന്ന്‌ ആലോചിക്കുകയും ആശയങ്ങള്‍ പങ്കുവെക്കുകയുംചെയ്‌ത യൂത്ത്‌പാര്‍ലമെന്റ്‌ ഉള്ളടക്കത്തിന്റെ ഗാംഭീര്യം കൊണ്ടാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. പുതിയ കാലത്തിന്റെ അപകടങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളില്‍ ഒന്നിച്ചുണ്ടാകുമെന്ന പ്രത്യാശ പങ്കിട്ടുകൊണ്ടാണ്‌ പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ വികസിച്ചത്‌. നിഷ്‌ക്രിയത്വത്തിന്റെയും അരാഷ്‌ട്രീയവല്‌കരണത്തിന്റെയും പനി ബാധിച്ച പുതിയ യൗവനത്തിന്‌ ആവശ്യമായ ചികിത്സ നിര്‍ദേശിക്കാനാണ്‌ യൂത്ത്‌ പാര്‍ലമെന്റ്‌ ശ്രദ്ധിച്ചത്‌. ഉപഭോഗജ്വരത്തിന്റെ ഉല്‌പന്നങ്ങളും ഉപഭോക്താക്കളുമായി തളര്‍ന്നുറങ്ങുന്ന യൗവനത്തെ ഉണര്‍ത്തിയെടുക്കാനുള്ള ഊര്‍ജമാണ്‌ യുവജനപ്രസ്ഥാനങ്ങളില്‍ വേരിടേണ്ടതെന്ന സന്ദേശം അവരൊന്നിച്ച്‌ ഉള്‍ക്കൊണ്ടു.