|
യുവത
ഇസ്‌ലാമിക പ്രസിദ്ധീകരണരംഗത്ത് സ്ഥിരപ്രതിഷ്‌ഠനേടിയ യുവത ബുക്ക് ഹൗസ് ഐ എസ് എമ്മിന്റെ പ്രസിദ്ധീകരണ വിഭാഗമാണ്. ഇസ്‌ലാം അഞ്ചു വാള്യങ്ങളില്‍ എന്ന ബൃഹത് ഗ്രന്ഥപരമ്പര, വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ പരിഭാഷ, വിഭവസമൃദ്ധമായ മുഹമ്മദ് നബി(സ്വ)യുടെ ജീവചരിത്രസംഗ്രഹം മുതലായ കൃതികള്‍ യുവതയുടെ വലിയ സംഭാവനകളില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ ഹദീസ് സമാഹാരഗ്രന്ഥങ്ങള്‍ പുറത്തിറക്കണമെന്ന തീരുമാനത്തിന്റെ ഫലമായി, അതിന്റെ ഒന്നാമത്തെ പതിപ്പ് ``വിശ്വാസം'' പുറത്തിറക്കി. ഈ ഗ്രന്ഥത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടാം ഭാഗമായി അനുഷ്‌ഠാനവും പുറത്തിറക്കാന്‍ യുവതക്ക് കഴിഞ്ഞു. ഇപ്പോള്‍ അടുത്ത ഹദീസ് സമാഹാരപ്പതിപ്പിന്റെ (നമസ്‌കാരം) പ്രവര്‍ത്തനത്തിലാണ് യുവത. ഇത് രണ്ട് മാസത്തിനകം പുറത്തിറങ്ങും. ഇതുവരെ മുന്നൂറിലധികം കൃതികള്‍ പുറത്തിറക്കാന്‍ യുവതയ്‌ക്ക് സാധിച്ചിട്ടുണ്ട്. വിശുദ്ധഖുര്‍ആനിന്റെ കാവ്യാവിഷ്‌കാരമായ ദിവ്യദീപ്‌തി യുവത ബുക്‌സിന്റെ മറ്റൊരു ഉപഹാരമാണ്. പ്രസിദ്ധീകരണരംഗത്ത് പ്രസ്ഥാനത്തിനുണ്ടായിരുന്ന പിന്നാക്കാവസ്ഥ പരിഹരിക്കുന്ന കാര്യത്തില്‍ വന്‍ ചുവടുവെപ്പാണ് യുവത നടത്തിയത്. മതപ്രസിദ്ധീകരണ രംഗത്ത് വമ്പന്മാരായി വിരാചിച്ചിരുന്ന മതരാഷ്‌ട്രീയ പ്രസ്ഥാനക്കാരുടെ മേല്‍ക്കോയ്‌മ തകര്‍ക്കാനും അവരുടെ തനിനിറം കാണിക്കാനും യുവതയ്‌ക്ക് കഴിഞ്ഞു. ഇന്നും പ്രസാധന രംഗത്തെ സജീവ സാന്നിധ്യമാണ് യുവത. |